യുവ എഴുത്തുകാരിയുടെ പരാതി; സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
1 min read

കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ (Sexual Assault Case) സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ (Civic Chandran) കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി.
പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേർത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പൊലീസ് അറിയിച്ചു.
സിവിക് ചന്ദ്രൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി യുവതി നേരത്തേ രംഗത്തെത്തിയിരുന്നു. സിവിക് ചന്ദ്രൻ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു യുവതി. ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിൻമാർ ചെയ്തതെന്നും യുവതി ആരോപിച്ചിരുന്നു.