പണം വച്ചു ചീട്ടുകളി: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ പിടിയിൽ; 10 ലക്ഷം രൂപ പിടിച്ചെടുത്തു.


പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്ന് 10.13 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ (32), കോയിപ്രം കണ്ടത്തിൽ എ ശ്രീകുമാർ (ഹരി – 42), നെടുങ്കുന്നം കാടുവെട്ടി എസ് പ്രദീപ് (38), വെൺമണി പുന്തല പള്ളിപടിഞ്ഞാറേതിൽ അഷ്റഫ് (49), കങ്ങഴ ഇടയരിക്കപ്പുഴ പുത്തൻവീട്ടിൽ റഷീദ് (38), ചെറിയനാട് നെടുവാരംകോട് കുഴിത്തുണ്ടിൽ പ്രസാദ് (52), കുന്നന്താനം മാരൂർ സുരേന്ദ്രൻ പിള്ള (53), കടയ്ക്കാവൂർ മാമ്പള്ളി കുന്നുംപുറം ബി വിനോദ്, ചെങ്ങന്നൂർ മുടിയുഴത്തിൽ ബാബു ജോൺ (52), പറക്കോട് കൈലാസം എൻ രഘുനാഥൻ (58), ചെറുവള്ളി ഞാലിയിൽ സിബി ആന്റണി (54) എന്നിവരാണ് പിടിയിലായത്.
സ്വകാര്യ ക്ലബ്ബിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മധുകറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്നരയോടെയാണ് പരിശോധന നടന്നത്. പത്തനംതിട്ടയിൽ നിന്നും കോയിപ്രത്തു നിന്നുമുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നതും പ്രതികളെ പിടികൂടിയതും. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനടക്കം ചിലർ കടന്നുകളഞ്ഞു.