വള്ളിക്കുന്നിൽ മിനി സ്റ്റേഡിയം നിർമ്മാണോദ്ഘാടനം കായിക മന്ത്രി നിർവ്വഹിച്ചു. കായികരംഗത്ത് തൊഴിൽ സാധ്യത രൂപപ്പെടുത്തും ; മന്ത്രി വി. അബ്ദുറഹിമാൻ

അരിയല്ലൂർ മിനി സ്റ്റേഡിയം നിർമ്മാണോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു.

വള്ളിക്കുന്ന്: പ്രീപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കായികപഠനം ഉൾപ്പെടുത്തി കായിക രംഗത്തെ തൊഴിൽ സാധ്യതകൾ ഉറപ്പു വരുത്തുമെന്ന് കായിക, ഫിഷറീസ്, വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂർ മിനി സ്റ്റേഡിയം നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരിലും കായികക്ഷമത ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതി വിഹിതം 25 ലക്ഷം രൂപയാണ് ആദ്യഘട്ടം ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഹരിതകർമ്മ സേനയ്ക്ക് പഞ്ചായത്ത് നൽകുന്ന വാഹനത്തിൻ്റെ താക്കോൽദാനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. പി. അബ്ദുൾ ഹമീദ് എം.എൽ.എ. ചടങ്ങളിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ, വൈസ് പ്രസിഡൻറ് മനോജ് കോട്ടാശ്ശേരി, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.കെ. രാധ, പി.എം. ശശികുമാരൻ, എ.പി. സിന്ധു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ചേലക്കൽ, ആസിഫ് മസ്ഹൂദ്, വി. ശ്രീനാഥ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, വി.പി. സോമസുന്ദരൻ, വിനീഷ് പാറോൽ, കാരിക്കുട്ടി മൂച്ചിക്കൽ, അഡ്വ. രവി മംഗലശ്ശേരി, ടി.കെ. മുരളി എന്നിവർ പ്രസംഗിച്ചു.