നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗിക പീഡനം; മലപ്പുറം സ്വദേശി പത്തനംതിട്ടയില്‍ പിടിയില്‍.


നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് പ്രചരിപ്പിച്ചുവെന്ന കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (42) ആണ് പിടിയിലായത്.
വിവാഹ നാടകം നടത്തിയതിന് ശേഷം ബലാത്സംഗം ചെയ്ത് വഞ്ചനയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ഏഴുമറ്റൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ വച്ച് 2020 ഫെബ്രുവരി 24 ന് വിവാഹം കഴിച്ച ശേഷം, പലയിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയത്.
അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടില്‍ വച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികള്‍ക്ക് ചിത്രങ്ങള്‍ കൈമാറുകയും അവര്‍ ഓണ്‍ലൈനിലും ഫേസ്ബുക്ക് പേജിലും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്.
ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി മലപ്പുറത്തെ വീട്ടില്‍ നിന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
വീട്ടില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും വിദേശത്തുള്ള യുവതിയെ വീഡിയോ കാളിലൂടെ പ്രതിയെ കാണിച്ചു തിരിച്ചറിഞ്ഞതിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഉപയോഗിച്ച ഫോണും കൃത്യം ചെയ്ത സമയത്ത് ധരിച്ച വസ്ത്രങ്ങളും നശിപ്പിച്ചതായാണ് ഇയാള്‍ പറഞ്ഞത്. വിശദമായ അന്വേഷണം പൊലീസ് തുടരുകയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ് സി പി ഒ ജൂബി തമ്പി, സി പി ഓമാരായ ഷെറിന്‍ ഫിലിപ്പ്, വരുണ്‍ കൃഷ്ണന്‍ എന്നിവരുണ്ടായിരുന്നു.