NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താമരശ്ശേരി ചുരത്തില്‍ മരം വീണു, വന്‍ ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വന്‍ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.

ഒരു മണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തില്‍ കിലോമീറ്ററുകളോളം നീളത്തില്‍ വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും ഇന്നും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൃശൂരിലെ പുത്തൂര്‍, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. തുമ്പൂര്‍മുഴിയില്‍ കൂറ്റന്‍ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു. അതിരപ്പള്ളി റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളെടുക്കും.

കോഴിക്കോട് ജില്ലയിലെ 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ മഴക്കെടുതിയില്‍ ഭാഗികമായി തകര്‍ന്നു. കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ 45 സെന്റീമീറ്ററായി ഉയര്‍ത്തി. വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാംപുകളിലായി 183 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ 20 അംഗ ദുരന്തനിവാരണ സേന ക്യാംപ് ചെയ്യുന്നുണ്ട്. വനമേഖലയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

മലപ്പുറത്ത് കനത്ത മഴയില്‍ ചാലിയാറും കൈവഴിപ്പുഴകളും കരകവിഞ്ഞൊഴുകുന്നു. ഇടുക്കി തൊടുപുഴ കുണിഞ്ഞിയില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് ആറ് വീടുകള്‍ക്കും കടമുറികള്‍ക്കും ഭാഗികമായി കേടുപാടുണ്ടായി. വ്യാപകമായ കൃഷി നാശവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *