ബലി പെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യം’; കെപി ശശികല


തിരുവനന്തപുരം: ബക്രിദിന് സംസ്ഥാനത്ത് അവധി നല്‍കാത്ത നടപടിയ്ക്കെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല. തിങ്കളാഴ്ഡ അവധി വേണമെന്നത് ന്യായമായ ആവശ്യമെന്നായിരുന്നു കെ.പി. ശശികലയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ബക്രിദിനോട് അനുബന്ധിച്ച് അവധി നൽകാത്തതിനെതിരെ മുസ്ലീം ലീഗ് എംഎൽഎയും നേതാവുമായ ടിവി ഇബ്രാഹിം രംഗത്തെത്തിയിരുന്നു.
“ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു. ഭീകരതയ്ക്കും തീവ്രവാദത്തിനും മാത്രം പിന്തുണ കൊടുക്കുന്ന രാഷ്ട്രീയക്കാർ സാധാരണ മുസല്‍മാന്റെ ആവശ്യത്തിന് കാതോര്‍ക്കാറില്ല എന്നതാണ് സത്യം” എന്നായിരുന്നു ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത്തവണ ഞായറാഴ്ചയായിരുന്നു പെരുന്നാള്‍. തലേദിവസം രണ്ടാം ശനിയായിരുന്നത് കൊണ്ട് പെരുന്നാളിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേകിച്ച് അവധി നല്‍കിയിരുന്നില്ല. ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ടിവി ഇബ്രാഹിമിന്റെ പ്രതികരണം.
മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലി പെരുന്നാളിനോടനുബന്ധിച്ച് ഒരു ദിവസം പോലും അവധി നല്‍കാത്ത നടപടി ക്രൂരമാമെന്നും ഞായറാഴ്ച പെരുന്നാളായത് കൊണ്ട് തിങ്കളാഴ്ച പൊതുഅവധി തികച്ചും ന്യായമായ ആവശ്യമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും കൊണ്ടോട്ടി എം.എല്‍.എ വ്യക്തമാക്കി.
വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പെരുന്നാള്‍ പ്രമാണിച്ച് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭക്ക് അവധി നല്‍കിയെങ്കിലും സംസ്ഥാനത്ത് പൊതു അവധി എന്ന ന്യായമായ ആവശ്യം തിരസ്‌കരിച്ചിരിക്കുന്നത് തികച്ചും അന്യായമായ നടപടിയായി പോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.