സജി ചെറിയാന്‍ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമിന്ന്. ഭരണഘടനയ്‌ക്കെതിരായ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സജി ചെറിയാന്‍ രാജിവെച്ചതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
രാജിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയാകും. സജി ചെറിയാന്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.
നിലവില്‍ പുതിയ മന്ത്രി വേണ്ട എന്ന ധാരണയാണ് ഉള്ളത്.സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ അതാവശ്യമില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. സജി ചെറിയാന് എതിരെ എടുത്തിരിക്കുന്ന കേസിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തേക്കും.
അതേസമയം സജി ചെറിയാന്റെ പ്രസ്താവനയെ സിപിഎം നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടി നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിക്കിടെയായിരുന്നു വിവാദ പ്രസംഗം. ഇതേ തുടര്‍ന്ന് ബുധനാഴ്ചയാണ് മന്ത്രി രാജിവെച്ചത്.
ഇന്നലെ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ് ഐആറില്‍ പറയുന്നു. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്.