സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്


ഭരണഘടനയ്ക്ക് എതിരെ വിവാദ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഭരണഘടന വിരുദ്ധ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ അല്‍പ്പസമയം മുമ്പ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് രാജി തീരുമാനത്തില്‍ നിര്‍ണായകമായത്. സജി ചെറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നല്‍കി. രണ്ടാം പിണറായി മന്ത്രി സഭയിലെ ആദ്യ രാജിയാണിത്.
മന്ത്രി സ്ഥാനം രാജിവെച്ചത് തന്റെ സ്വതന്ത്ര തീരുമാനമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത്. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്നും സജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്‍ രാജിവെച്ചെങ്കിലും പുതിയ മന്ത്രി വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. മന്ത്രിയുടെ ചുമതലകള്‍ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. രാജി പ്രഖ്യാപനം അറിയിച്ച സജി ചെറിയാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് മടങ്ങിയത്.