വിവാഹ നിശ്ചയത്തിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; യുവതി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരന്‍ അറസ്റ്റില്‍


വിവാഹം നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനെ തുടര്‍ന്ന് 2 മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൂയപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.
ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിലെ സന്ധ്യാഭവനിൽ സന്ധ്യ എന്ന 22കാരി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പു മുറിയിലാണ് സന്ധ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണ് വേഗം വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.
ആറു മാസത്തിന് ശേഷം വിവാഹം നടത്താൻ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിന് ശേഷം നിലപാട് മാറ്റി. സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയുമായി അനീഷ് വഴക്കിടാന്‍ തുടങ്ങി. സന്ധ്യ മരിക്കുന്നതിന് മുന്‍പും ഇരുവരും തമ്മില്‍ ഫോണിലൂടെ തര്‍ക്കമുണ്ടായതായി കണ്ടെത്തിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പും , മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി പോലീസ് കണ്ടെത്തി. ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.