NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബാലാവകാശ കമ്മീഷന്‍ അംഗം സ്‌കൂളുകള്‍ പരിശോധിച്ചു

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോട്ടപ്പടി ഗവണ്മെന്റ് എൽ. പി സ്കൂൾ സന്ദർശനത്തിനെത്തിയ ബാലാവകാശ കമ്മീഷൻ അംഗം സി.വിജയകുമാർ കുട്ടികളോടപ്പം ഉച്ചഭക്ഷണം കഴിക്കുന്നു.



കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ പരിശോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മയും സൗകര്യങ്ങളുമെല്ലാം സംഘം വിലയിരുത്തി. ഡി.ഡി.ഇ സി.രമേശ്,  നൂണ്‍ മീല്‍ ഓഫീസര്‍ പി.ദിനേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന നടക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 150ല്‍ അധികം സ്‌കൂളുകളാണ് സന്ദര്‍ശിച്ചത്. കുട്ടികളുടെ പഠന സൗകര്യം, കൊഴിഞ്ഞ് പോക്ക്,  ഉച്ചഭക്ഷണം തയ്യാറാക്കുന്ന രീതി, ശുചിത്വം, കുടിവെള്ളത്തിന്റെ ലഭ്യത, ജീവനക്കാരുടെ ശുചിത്വം, ധാന്യങ്ങള്‍ സൂക്ഷിച്ച രീതി, ഭക്ഷണം തയ്യാറാക്കുന്ന രീതി, മാലിന്യ സംസ്‌കരണം, പാത്രങ്ങളുടെ ശുചിത്വം എന്നിവയെല്ലാം പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകാത കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിഡിഇ പറഞ്ഞു.

തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. വീട്ടിലെ ജീവിതസാഹചര്യം മൂലം പഠനം നിര്‍ത്തിയ തിരൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ വീണ്ടും സ്‌കൂളില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കോട്ടപ്പടി ഗവ. എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.

Leave a Reply

Your email address will not be published.