NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിജയ പ്രതീക്ഷയില്‍ മുന്നണികള്‍; തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ നാളെ

തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍.

 

എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ ഫലവും അറിയാനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം വളരെ കുറവാണെങ്കിലും വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. അതിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകളാണ് എണ്ണുന്നത്. ഒമ്പത് മണിയോടെ തൃക്കാക്കരയിലെ ജനമനസ്സ് ഏത് വശത്തേക്കാണ് ചായുന്നത് എന്നതിന്റെ ചിത്രം വ്യക്തമാകും. ഉച്ചയോടെ പുതിയ ജനപ്രതിനിധി ആരാണെന്ന് അറിയാം.

68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര.

 

മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്.

Leave a Reply

Your email address will not be published.