തിരൂരങ്ങാടി യതീംഖാന പൂർവ്വവിദ്യാർത്ഥി സംഗമം അനുശോചന സംഗമമായി.


തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി. യതീംഖാന രൂപീകൃതമായത് മുതൽ അന്തേവാസികളായിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും ഒരുമിച്ചുകൂടുന്നതിനായി മെയ് 29 ഞായറാഴ്ച പൂർവ്വ വിദ്യാർഥി കുടുംബ സംഗമം നടത്താൻ തീരുമാനിച്ചതായിരുന്നു.
തുടർന്നാണ് വെള്ളിയാഴ്ച്ച യതീംഖാന പൂർവ്വ വിദ്യാർത്ഥികൂടിയായ പരപ്പനങ്ങാടി സ്വദേശിയും ലാൻസ് ഹവിൽദാറുമായ മുഹമ്മദ് ഷൈജൽ, ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണപ്പെട്ട വിവരമെത്തുന്നത്. ഇതോടെ തുടർനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച ശൈജലിന്റെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാനാണ് സംഗമം വേദിയായത്. നൂറ് കണക്കിന് സഹപാഠികളും പൂർവ്വവിദ്യാർത്ഥികളും രാവിലെ മുതൽ യതീംഖാന അംഗണത്തിൽ എത്തിച്ചേർന്നു.
11 മണിയോടെ പൊതുദർശനവും മയ്യത്ത് നമസ്ക്കാരവും നടന്നു. തുടർന്ന് പൂർവ്വവിദ്യാർത്ഥി അനുശോചന സമ്മേളനം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ ചേരുകയായിരുന്നു. യതീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം.കെ.ബാവ ഉൽഘാടനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ ഡോ: അബ്ദുൽ അസീസ്, പി.എം. അലവിക്കുട്ടി, ഇബ്രാഹിം പുനത്തിൽ, എൽ.കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, ഡോ.അബ്ദുറഷീദ്, ഡോ.മൊയ്തുപ്പ പട്ടാമ്പി, അസൈൻ കോഡൂർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി.ഹുസ്സൈൻ സ്വാഗതവും വി.സി.ഖാസിം മാസ്റ്റർ നന്ദിയും പറഞ്ഞു.