നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കുന്നു, കാവ്യ മാധവന്‍ പ്രതിയാകില്ല


നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കേസിന്റെ അന്വേഷണത്തിനായി ഇനി സമയം നീട്ടി ചോദിക്കില്ല. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. വധഗൂഢാലോചന കേസില്‍ കാവ്യാ മാധവന് എതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കാവ്യയെ പ്രതി ചേര്‍ക്കില്ല. സാക്ഷിയായി തുടരും.
ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. കേസ് അട്ടിമറിക്കാനായി അഭിഭാഷകര്‍ ഇടപെട്ടിരുന്നുവെന്ന് അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചിരിക്കുകയാണ്.
ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാകുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ശരത്തിന് മേല്‍ ചുമത്തിയിട്ടുള്ളത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.
കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുലിന്റെ മൊഴിയെടുത്തിരുന്നു. ദിലീപിന്റെ ജാമ്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും ബാലചന്ദ്രകുമാറിനെ അറിയാമെന്നുമാണ് ബിഷപ്പ് മൊഴി നല്‍കിയത്. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രകുമാര്‍ 10 ലക്ഷം തട്ടിച്ചുവെന്ന ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്.