ഫുട്ബോൾ കളിക്കുന്നതിനിടെ അബുദാബിയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

(പ്രതീകാത്മക ചിത്രം)

അബുദാബി: ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്. പടിഞ്ഞാറെമാടില്‍ എ.കെ രാജുവിന്റെയും ടി.വി പ്രിയയുടെയും മകനാണ് അനന്തുരാജ്.
ബീച്ചില്‍ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുദാബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രീയല്‍ കമ്പനിയിലെ മെഷീൻ ഓപ്പറേറ്ററായിരുന്നു.
ഏതാനും മാസം മുന്‍പ് നാട്ടിലെത്തിയ അനന്ദുരാജിന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു. അതിനു ശേഷമാണു ജോലി സ്ഥലത്തേക്കു മടങ്ങിയെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാവിലെ നാട്ടിലെത്തിച്ച മൃതദേഹം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. ആതിര രാജുവാണ് അനന്തുവിന്‍റെ സഹോദരി.