നിയമലംഘനങ്ങള്‍ കണ്ടെത്താൻ കാമറകൾ സ്ഥാപിച്ചിട്ടും സോഫ്റ്റ് വെയർ ജില്ലയിൽ പൂർണസജ്ജമായില്ല. പിഴയീടാക്കൽ ഈമാസം അവസാനത്തോടെ….


മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകൾ സ്ഥാപിച്ചിട്ടും കാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ് വെയർ ജില്ലയിൽ പൂർണസജ്ജമായില്ല.
വാഹനങ്ങളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്ത് പൂർത്തിയായാൽ ഉടൻ പിഴയീടാക്കിത്തുടങ്ങുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പറഞ്ഞു. സർക്കാർ ഏജൻസിയായ കെൽട്രോണിനെയാണ് പദ്ധതിയുടെ ചുമതല നൽകിയിരിക്കുന്നത്.
കാമറകൾ സജ്ജമാക്കാൻ സർക്കാർ നൽകിയിരുന്ന കാലാവധി കഴിഞ്ഞതിനാൽ അപ് ലോഡിങ് പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുകയാണ്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയിടുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ ( നിർമിതബുദ്ധി) ഉപയോഗിച്ച് പ്രവർത്തിക്കുന്ന 38 കാമറകളാണ് ജില്ലയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
അമിത വേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ കാമറകള്‍ ഒപ്പിയെടുത്തിരുന്നത്. എന്നാൽ, എ.ഐ കാമറകൾ ഹെല്‍മറ്റ്, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പിടികൂടും.
പിഴയീടാക്കൽ ഈമാസം അവസാനത്തോടെ ആരംഭിക്കാനാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത്.