NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വേദിയിൽ വിദ്യാർത്ഥിനിയെ വിലക്കിയ സംഭവം: അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ ബാലാവകാശ കമ്മിഷൻ കേസ്സെടുത്തു

വേദിയില്‍ നിന്ന് പത്താംക്ലാസുകാരിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന്‍ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷണറോടും വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ കേസെടുക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ പോലും മൗനം പാലിച്ചത് നിരാശാജനകമാണ്. അത് തന്നെ വളരെയധികം വേദനിപ്പിച്ചു. സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായത് മൗലികാവകാശ ലംഘനമാണ്. ഇതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നതില്‍ അതിശയം തോന്നുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമസ്തയുടേത് പെണ്‍കുട്ടിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ഇത് താന്‍ അടക്കമുള്ളവര്‍ക്ക് അപമാനമാണ്. സ്ത്രീകളെ 4 ചുവുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊതുവേദിയിലേക്ക് ക്ഷണിച്ച് പുരസ്‌കാരം നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയും പെണ്‍കുട്ടി എത്തി പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു.

 

എന്നാല്‍, പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് ക്ഷുഭിതനാകുകയായിരുന്നു. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാന്‍ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ പുറത്തായതോടെ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *