കഞ്ചാവും എം.ഡി.എം.എ യുമായി അഞ്ചംഗ സംഘം പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ.


പരപ്പനങ്ങാടി: ആഡംബര കാറുകളിൽ കഞ്ചാവും എം.ഡി.എം.എ യുമായി കറങ്ങിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതുകൊണ്ടിരിക്കുന്ന മൂന്നുനില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ മയക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.
വേങ്ങര പൂച്ചോലമാട് ചുക്കാൻ വീട്ടിൽ അഹമ്മദ് അബ്ദുറഹ്മാൻ (30), ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കോയാന്റെ ചെറുപുരക്കൽ ഷെമീർ (27), താനൂർ എളാരംബീച്ച് കുന്നുമ്മൽ ത്വൽഹത്ത് (28), പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡ് കപ്പക്കാരന്റെ പുരക്കൽ ജിഹാദ് (27) വയസ്, താനൂർ പുതിയകടപ്പുറം പുതിയവീട്ടിൽ അബുസ്വാലിഹ് (21) എന്നിവരാണ് പിടിയിലായത്.
കഞ്ചാവും എം.ഡി.എം.എ യും എം.ഡി.എം.എ ചൂടാക്കിവലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഗ്യാസ് ലൈറ്ററുകളും ഇവരിൽനിന്നും പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂർ നിന്നും മയക്കുമരുന്ന് ഒരുഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും വിൽപനയ്ക്ക് ശേഷം ബാക്കിയുള്ളത് സ്വന്തമായി ഉപയോഗിക്കുമെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വിൽപ്പനവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പതിവ്. ഇവർ ഉപയോഗിച്ചിരുന്നു ജീപ്പ്, കോംപാസ് കാറും, ടിയാഗോ കാറും ആക്സസ് ബൈക്കും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ കൊള്ളിച്ച് പണം സർക്കാരിലേക്ക് മുതൽകൂട്ടുന്നതിനായി എക്സൈസ് വകുപ്പിന് കൈമാറും.
കേസിൽ 10 വർഷംവരെ കഠിനതടവ് ലഭിച്ചേക്കുമെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ.ഹണി കെ.ദാസ്, എസ്.ഐ മാരായ രാധാകൃഷ്ണൻ, സുരേഷ്, പോലീസുകാരായ ആൽബിൻ, ജിനു, അഭിമന്യു, സബറുദീൻ, വിപിൻ, രഞ്ചിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.