NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശ്രീനിവാസന്റെ കൊലപാതകം സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം; പ്രതികൾ 6 പേരെന്ന് എഫ്‌ഐആര്‍

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ശ്രീനിവാസനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് സംഘം ആക്രമിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.

കണ്ടാലറിയാവുന്ന ആറു പേരാണ് കേസില്‍ പ്രതികള്‍. മൂന്ന് ബൈക്കുകളിലായാണ് ഇവര്‍ എത്തിയതെന്നും പൊലീസ് പറയുന്നു. പ്രതികളെത്തിയ മൂന്ന് ബൈക്കുകളില്‍ ഒന്നിന്റെ ഉടമ ഒരു സ്ത്രീയാണ്. ഇവര്‍ വായ്പയെടുക്കുന്നതിന് വേണ്ടി ബൈക്ക് മറ്റൊരാള്‍ക്കു കൈമാറിയിരുന്നുവെനനാണ് വിവരം. ബൈക്ക് കൈവശമുള്ളയാളെ പിടികൂടാനായുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി അക്രമി സംഘം ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ തലയിലും നെറ്റിയിലുമാണ് വെട്ടേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും.

വിഷു ദിനത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ് ഡിപിഐ ആരോപിച്ചിരുന്നു. രണ്ടു കൊലപാതകങ്ങളിലെയും പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.