ഇന്ന് അഗ്നിരക്ഷാ ദിനം: താനൂർ ഫയർഫോഴ്സ് നഗരപ്രദക്ഷിണവും ദുരന്ത നിവാരണ ലഘുലേഖാ വിതരണവും നടത്തി.


പരപ്പനങ്ങാടി: ഇന്ന് അഗ്നിരക്ഷാ ദിനം. 1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന എസ്.എസ്. ഫോർട്ട് സ്റ്റിക്കൈൻ എന്ന കപ്പലിലെ തീപിടുത്തത്തിലും തുടർന്നുണ്ടായ സ്ഫോടനത്തിലും ഒട്ടേറെ മനുഷ്യർ മരണപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ അഗ്നിക്കിരയായി. സ്ഫോടക വസ്തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അഗ്നി രക്ഷാ സേന പല വിഭാഗങ്ങളായി തിരിഞ്ഞ് തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ ഏർപ്പെട്ടു. ഈ പ്രവർത്തനത്തിൽ 59 സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു.
തീപിടുത്തത്തിൽ ജീവത്യാഗം ചെയ്ത അഗ്നിശമന സൈനികരുടെ ഓർമ്മ ദിനമാണ് ദേശീയ അഗ്നിരക്ഷാ ദിനം.
അഗ്നിരക്ഷാ ദിനത്തോടനുബന്ധിച്ച് താനൂർ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അഗ്നിശമന വാഹനങ്ങളുടെ നഗരപ്രദക്ഷിണവും ദുരന്തനിവാരണാ ലഘുലേഖാ വിതരണവും നടത്തി.സ്റ്റേഷൻ ഓഫീസർ എം. രാജേന്ദ്രനാഥിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി, താനൂർ ഭാഗങ്ങളിൽ പ്രദക്ഷിണം നടന്നു. അഗ്നിശമന സേനാഅംഗങ്ങൾ, ഹോംഗാർഡുകൾ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ സി.ഐ. ഹണി കെ ദാസ് ലഘുലേഖ ഏറ്റുവാങ്ങി.