ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാകില്ല; മുസ്ലീം കടകള്‍ക്ക് നേരെ സംഘപരിവാര്‍ പ്രചരണം
1 min read

ഹലാല്‍ വിരുദ്ധ പ്രചരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ മുസ്ലീം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചരണം. ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. തീവ്ര ഹിന്ദുഗ്രൂപ്പുകളാണ് ഇത്തരം പ്രചരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രചരണം വ്യാപകമാകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിരിയാണിയില്‍ ജനന നിയന്ത്രണ ഗുളികള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പ്രചരണം.
ഹിന്ദുക്കളെ വന്ധ്യംകരിക്കുകയാണ് ഇത്തരം ബിരിയാണിക്കടകളുടെ ലക്ഷ്യമെന്ന തരത്തില്‍ ദീര്ഖമായ കുറിപ്പ് ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇരുപതിനായിരത്തിലധികം ഫോളോവറുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രചരണം. ‘ചെന്നൈയിലെ നാല്‍പ്പതിനായിരം ബിരിയാണിക്കടകള്‍ ദേശത്തിന്റെ സംസ്കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്’ മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പത് വര്‍ഷത്തിനു ശേഷം ദ ചെന്നൈ ഫയല്‍സില്‍ നമ്മള് ഇതിവൃത്തമാകുമെന്നും യൂസര്‍ മുന്നറിയിപ്പു നല്കുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകള്‍ക്ക് സമീപമുള്ള മുസ്ലിം റസ്റ്ററന്‍ഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിരിയാണി ജിഹാദ് ഇന്‍ കോയമ്പത്തൂര്‍ എന്ന പേരിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്ലിംകള് ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നു എന്നാരോപിച്ച് തീവ്ര ക്രിസ്ത്യന്‍-ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ഹലാല്‍ ഭക്ഷണം സാമ്പത്തിക ജിഹാദിന് സമാനമാണ് എന്നാണ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചില ആര്‍എസ്എസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.