NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മീഡിയവണ്‍ വിലക്ക്: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്; നടപടി പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍

മീഡിയവണ്‍ ചാനല്‍ പ്രക്ഷേപണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. കെയുഡബ്വ്യുജെ ഹര്‍ജി മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കെയുഡബ്‌ള്യൂജെയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി, സെക്രട്ടറി ഷബ്‌ന സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം സനോജ് എം.പി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. സംപ്രേക്ഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും മൗലിക അവകാശങ്ങളുടെ ലംഘനവും ആണെന്ന് ആരോപിച്ചാണ് ഹര്‍ജി.

2021 സെപ്റ്റംബര്‍ 29 വരെയാണ് ചാനലിന് സംപ്രേഷണ ലൈസന്‍സ് ഉണ്ടായിരുന്നത്. പുതുക്കാനായി മെയ് മൂന്നിന് ചാനല്‍ അപേക്ഷ നല്‍കി. എന്നാല്‍, ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാന്‍ മതിയായ കാരണം ആവശ്യപ്പെട്ട് 2022 ജനുവരി അഞ്ചിന് കേന്ദ്ര വാര്‍ത്താവിനിമയ-സംപ്രേഷണ മന്ത്രാലയത്തിന്റെ കാരണംകാണിക്കല്‍ നോട്ടിസ് ലഭിച്ചു. ജനുവരി 19ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മന്ത്രാലയത്തിന് നോട്ടിസില്‍ മറുപടിയും നല്‍കി. എന്നാല്‍, ഒരു മുന്നറിയിപ്പുമില്ലാതെ ജനുവരി 31ന് ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കി മന്ത്രാലയത്തിന്റെ ഉത്തരവ് വന്നു. പിന്നാലെ ചാനല്‍ ഹൈക്കോടതിയെ സമീപിക്കുകയും കേന്ദ്ര ഉത്തരവ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു.

ഫെബ്രുവരി രണ്ടിന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂനിയനും(കെ.യു.ഡബ്ല്യു.ജെ) ചാനല്‍ ജീവനക്കാരും കോടതിയില്‍ വിവിധ ഹര്‍ജികള്‍ സമര്‍പ്പിച്ചു. ഫെബ്രുവരി എട്ടിന് ഹര്‍ജികള്‍ തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നു. മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണ അനുമതി റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്ത് ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് എന്‍. നഗരേഷ് ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കെ.യു.ഡബ്ല്യു.ജെയും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.ഡിവിഷന്‍ ബെഞ്ച് കേന്ദ്ര നടപടി സ്റ്റേ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *