പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം


രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. വരും ദിവസങ്ങളിലും തുടര്‍ച്ചയായ വര്‍ദ്ധന ഉണ്ടാകാനാണ് സാധ്യത.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 95 പൈസയും ഡീസലിന് 94 രൂപ 8 പൈസയുമായി. കോഴിക്കോട് പെട്രോളിന് 107 രൂപ 11 പൈസയും, ഡീസലിന് 94 രൂപ 27 പൈസയുമാണ്.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഇന്ധന വില വീണ്ടും കൂട്ടിയത്. അതിനോടൊപ്പം തന്നെ എല്‍.പി.ജി സിലിണ്ടറിന്റെ വിലയും കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ക്രൂഡ് ഓയില്‍ വില 82 ഡോളറിനടുത്ത് എത്തിയിരുന്നു. നിലവില്‍ 120 ഡോളറാണ് വില. അതിനാല്‍ വില ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം.
അതേസമയം ഇന്ധന വില വിഷയം പാര്‍ലമെന്റില്‍ ഉള്‍പ്പടെ ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വില ഉയരുന്നതോടെ വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്.