NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹിജാബ് വിധി: ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. വിഷയം തുടര്‍ച്ചയായി ഉന്നയിക്കുന്നത് അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ പരീക്ഷകള്‍ക്ക് ഈ വിഷയവുമായി ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഉഡുപ്പി പി.യു കോളജ് വിദ്യാര്‍ത്ഥിനി ഐഷത്ത് ഷിഫയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മാര്‍ച്ച് 28 ന് പരീക്ഷകള്‍ ആരംഭിക്കുകയാണ്. സ്‌കൂള്‍ അധികാരികള്‍ ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം നഷ്ടപ്പെടുമെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

ഹോളി അവധിയ്ക്ക് ശേഷം മാര്‍ച്ച് 16ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവച്ചത്.

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസില്‍ 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published.