മാതാവ് മൊബൈലിൽ ഗെയിം കളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞു; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു.
1 min read

മാതാവ് മൊബൈലിൽ ഗെയിംകളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ മാതാവ് മൊബൈൽ പിടിച്ചു വാങ്ങി പഠിക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയി. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഉടന്‍ തന്നെ കെട്ടഴിച്ച് മാറ്റി ബൈകില്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തില്‍ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയെയും സമാനമായരീതിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.