മോഷണം പോയ മകന്റെ സൈക്കിള്‍ തിരികെ തരണം; പുതിയത് വാങ്ങാന്‍ നിര്‍വാഹമില്ല, അഭ്യര്‍ത്ഥന യുമായി പിതാവ്


മകന്റെ മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കണമെന്ന് കള്ളനോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളുമായി പിതാവ്. തൃശൂര്‍ ജില്ലയിലാണ് സംഭവം. സൈക്കിള്‍ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുമായി കരുവന്നൂര്‍ സ്വദേശി സൈഫുദ്ദീനാണ് പോസ്റ്ററുകളുമായി നിരത്തില്‍ ഇറങ്ങിയിരിക്കുന്നത്.
സൈഫുദ്ദീന്റെ പത്താംക്ലീസുകാരനായ മകന്റെ സൈക്കിള്‍ കഴിഞ്ഞ ദിവസം കാണാതായിരുന്നു. അത്യാവശ്യത്തിന് വേണ്ടി ആരെങഅകിലും സൈക്കിള്‍ എടുത്തതാകാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ സൈക്കിള്‍ തിരികെ കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് സൈക്കിള്‍ എടുത്തവര്‍ തിരികെ നല്‍കണമെന്ന അറിയിച്ച് പോസ്റ്ററുകളുമായി ഇറങ്ങിയത്.
മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നല്‍കാന്‍ ഒരു പിതാവ് എന്ന നിലയില്‍ നിര്‍വാഹമില്ല. അതിനാല്‍ സൈക്കിള്‍ എടുത്തയാള്‍ ഇത് വായിക്കാനിടയായാല്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി ആ സൈക്കിള്‍ ഞങ്ങള്‍ക്കു തന്നെ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.
കരുവന്നൂര്‍ രാജാ കമ്പനിക്ക് സമീപമുള്ള ചുമരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സൈഫുദ്ധീനെ ബന്ധപ്പെടാനുള്ള നമ്പറും പേസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു പോസ്റ്റര്‍ എഴുതി ഒട്ടിച്ചതെന്നും സൈഫുദ്ദീന്‍ പറയുന്നു.