NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാതയോരത്ത് കൊടി തോരണങ്ങള്‍ക്ക് വിലക്ക് വേണ്ട, തീരുമാനം കോടതിയെ അറിയിക്കും

പാതയോരത്ത് കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി തേടും. ഇന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പാതയോരങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യാത്തതില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സംഘടനകള്‍ക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ഥാപിക്കുന്നവ നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ മാറ്റാനും യോഗത്തില്‍ ധാരണയായി. കൊടി തോരണങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടാനും തീരുമാനിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ കോടതിയെ അറിയിക്കാന്‍ എ.ജി.യെ ചുമതലപ്പെടുത്തി.

പാതയോരങ്ങളില്‍ അനുമതി ഇല്ലാതെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുമ്പ് പല തവണ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കപ്പെട്ടിരുന്നില്ല. ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഉള്‍പ്പടെ കോടതി നിര്‍ദ്ദേശം നല്‍കിക്കൊണ്ട് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.

പരസ്യമായ നിയമലംഘനമാണ് നടക്കുന്നതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനമാണ് കോാടതി നടത്തിയത്. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണെന്നത് കോടതിയുടെ വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടി തോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നാണ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *