പ്രതിപക്ഷ നേതാവ് ഉൾപ്പെടെ യുഡിഎഫ് നേതാക്കള്‍ മാടപ്പള്ളിയില്‍; കല്ലുകള്‍ പിഴുതെറിഞ്ഞ് സമരക്കാര്‍


സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം നടന്ന കോട്ടയം ജില്ലയിലെ മാടപ്പള്ളി യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെത്തിത്തല, ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവരടക്കമുള്ള നേതാക്കളാണ് സമരത്തിന് പിന്തുണ അറിയിച്ച് സന്ദര്‍ശനം നടത്തിയത്.
സില്‍വര്‍ലൈന് എതിരായ സമരത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അതിജീവിച്ച് ശക്തമായി മുന്നോട്ട് പോകുമെന്നും വിഡി സതീശന്‍ പറഞ്ഞു. നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമാണ് മാടപ്പള്ളിയില്‍ ഇന്നലെ നടന്നത്. നാക്കിന് എല്ലില്ലാത്ത എന്ത് ക്രൂരതയും കാണിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം ഇവിടേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നേതാക്കള്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയതിന് പിന്നാലെ മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു.
ചങ്ങനാശേരിയിലെ മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഇന്നലെ പൊലീസിന്റെ അതിക്രമം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയും സ്ത്രീകളെ നിലത്ത് വലിച്ചിഴക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ നടത്തുകയാണ്. യുഡിഎഫും ഹര്‍ത്താലിന് പിന്തുണയേകിയിട്ടുണ്ട്.
ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.