വെടിവെച്ച് കൊന്നാലും പിന്മാറില്ല; കോഴിക്കോട് കല്ലായിയിലും കെ റെയില്‍ കല്ലിടലിനിടയില്‍ നാട്ടുകാരുടെ പ്രതിഷേധം


കോഴിക്കോട്: കല്ലായിയില്‍ കെ റെയില്‍ കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പുരുഷ പൊലീസുകാര്‍ ലാത്തികൊണ്ട് കുത്തിയെന്ന് സ്ത്രീകള്‍ ആരോപിച്ചു.
വെടിവെച്ച് കൊന്നാലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയിലിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
ഒരു സ്ത്രീയെ പൊലീസ് വലിച്ചിഴക്കുമ്പോള്‍ ചെറിയ മകന്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കെ റെയില്‍ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിയിരുന്നു.