വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ സുപ്രീംകോടതി പിഴയിട്ടു


ഡൽഹി: വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിത നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു.
സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജരാകാത്തതിനെ തുടർന്ന് ആണ് ഹർജി തള്ളിയത്.
വയനാട് ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിന് വേണ്ടി സമരിപ്പിച്ച നാമനി൪ദേശ പത്രിക തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഇതേ കാര്യം ആവശ്യപെട്ടുള്ള ഹരജി നേരെത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. എന്നാൽ, ആരും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഹരിജിതള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതി ഒരു ലക്ഷം പിഴവിധിച്ചത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വയനാട് ലോകസഭാ മണ്ഡലം വരണാധികാരികള്‍ തള്ളിയത്. തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.