വിദ്യാര്‍ത്ഥികളെ കഞ്ഞി പ്പുരയിലാക്കി ക്ലാസില്‍ തൊഴിലുറപ്പ് യോഗം; പ്രതിഷേധിച്ച് നാട്ടുകാര്‍


തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി തിരുവനന്തപുരം മാരായമുട്ടം തത്തിയൂര്‍ ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയതായി പരാതി. എല്‍പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്.
കഞ്ഞിപ്പുരയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ചൂട് സഹിക്കാന്‍ കഴിയാതെ നിലവിളിച്ചതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് അറിയിച്ചു. ഉടനെ തന്നെ എഇഒ സ്‌കൂളിലെത്തി യോഗം തടഞ്ഞു.
പഞ്ചായത്തിലെ തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ് യോഗം നടത്തുന്നതിനായാണ് വിദ്യാര്‍ത്ഥികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്. ഒരു മാസത്തിനിടെ മൂന്നാമത്തെ യോഗമാണ് സ്‌കൂളില്‍ നടക്കുന്നത്. യോഗം നടത്തുമ്പോഴെല്ലാം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് മാറ്റുന്നതും പതിവായിരുന്നു. ഇന്നത്തെ യോഗത്തിന് വേണ്ടി വിദ്യാര്‍ത്ഥികളെ ആദ്യം പാചകപ്പുരയിലേക്കാണ് മാറ്റിയത്. എന്നാല്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് അവിടെ നിന്ന് മാറ്റുകയായിരുന്നു.
അതേസമയം, പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്‌കൂള്‍ ഉള്ളത്. അതിനാല്‍ സ്‌കൂളില്‍ യോഗം നടത്താനുള്ള അധികാരം തങ്ങള്‍ക്ക് ഉണ്ടെന്നുമാണ് എഇഒ പറയുന്നത്.