ചൂടില്ലെന്ന് പറഞ്ഞ് ചായ സഞ്ചാരി മുഖത്തൊഴിച്ചു; ബസ് തടഞ്ഞ് ചൂടുളള അടി കൊടുത്ത് ഹോട്ടല്‍ ജീവനക്കാര്‍; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം

തൊടുപുഴ: ചൂടുചായ മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ ഹോട്ടൽ ജീവനക്കാർ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു. മൂന്നാറിലാണ് സംഭവം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (24), ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവർക്കാണ് മർദനമേറ്റത്.
ടോപ്പ് സ്റ്റേഷനിലെ ഹോട്ടലിൽ ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി എട്ട് മണിക്ക് മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന യുവാക്കളുടെ സംഘം ചായ കുടിക്കാനായി ഹോട്ടലിൽ കയറി. തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാൾ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടർന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. അതിനിടെ സഞ്ചാരികൾ ബസിൽ കയറി സ്ഥലംവിട്ടു.
എന്നാൽ, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കിൽ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ടാറ്റാ ടീ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മൂന്നാർ എസ്ഐ എംപി സാഗറിന്റെ നേതൃത്വത്തിൽ പൊലീസ് ടോപ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് എസ്ഐ വ്യക്തമാക്കി