സ്‌കൂള്‍ പഠന കാലത്ത് തല്ലിയതിന്റെ പക; അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പൂര്‍വ വിദ്യാര്‍ത്ഥി


പാലക്കാട്: സ്കൂൾ പഠനകാലത്ത് തല്ലിയതിന്റെ വൈര്യാഗ്യം തീർക്കാൻ അധ്യാപകനെ ആക്രമിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) അതേ സ്‌കൂളിലെതെന്നെ പൂര്‍വവിദ്യാര്‍ഥി അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീൻ (20) ആക്രമിച്ചത്.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകല്‍ സി.ഐ. സിജോവര്‍ഗീസ് പറഞ്ഞു.
അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു അധ്യാപകനെ നിസാമുദ്ദീൻ പിന്നിലൂടെ വന്ന് സോഡാ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം നിസാമുദ്ദീൻ ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച മഞ്ചേരിയില്‍ വെച്ചാണ് നിസാമുദീനെ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി നാട്ടുകല്‍ പോലീസ് റിമാന്‍ഡ് ചെയ്തു.