മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും; കേന്ദ്ര നടപടി ഡിവിഷൻ ബെഞ്ച് ശരിവെച്ചു


മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹരജികൾ ഡിവിഷൻ ബെഞ്ച് തള്ളി.
ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂനിയനും നൽകിയ അപ്പീൽ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിലക്ക് തുടരാൻ സിംഗിൾബെഞ്ച് അനുമതി നൽകിയത് ശരിയായ നടപടിയാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റെ വിധി നിർഭാഗ്യകരമാണെന്നും ഭരണഘടനാനുസൃതമായി നീതി അനുവദിച്ചുകിട്ടാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും മീഡിയവൺ അഭിഭാഷകൻ അമീൻ ഹസൻ, എഡിറ്റർ പ്രമോദ് രാമൻ എന്നിവർ അറിയിച്ചു.
ചാനൽ വിലക്കിന് കാരണമായി പറയുന്ന സുരക്ഷാ പ്രശ്നങ്ങൾ ഹരജിക്കാരോട് വ്യക്തമാക്കേണ്ടതില്ലെന്ന ഹൈകോടതിയുടെ നിലപാട് ദു:ഖകരമാണ്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂലവിധി നേടിയെടുക്കാനാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.