ഇടുക്കിയിലെ ഏലയ്ക്കാ ഡ്രൈയറില്‍ സ്‌ഫോടനം; ജനലുകളും വാതിലും തകര്‍ന്നു


ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കോമ്പയാറില്‍ ഏലയ്ക്ക ഡ്രൈയറില്‍ സ്‌ഫോടനം. ഡ്രൈയറിന്റെ ഇരുമ്പ് ഷട്ടറും കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. 150 കിലോയില്‍ അധികം ഏലയക്ക കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738ല്‍ ബഷീര്‍ എന്നയാളുടെ ഉടമസ്ഥതയിലുളള ഏലയ്ക്ക ഡ്രൈയറിലാണ് അപകടം ഉണ്ടായത്. വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉടമ ഇത് അംഗീകരിച്ചിട്ടില്ല.