NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗം അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനിൽ (39) ആണ് അറസ്റ്റിലായത്. ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ(24), ഷാനവാസ്‌ എന്നിവരും അറസ്റ്റിലായി.

കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി മാരക ലഹരി മരുന്നായ എംഡിഎംഎ ഭർത്താവിന്‍റെ വാഹനത്തിൽ ഒളിപ്പിച്ചുവയ്ക്കുകയും. ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നു. വണ്ടന്മേട് പൊലിസ് ആണ് സൗമ്യയേ പിടികൂടിയത്. ഇവര്‍ ഭർത്താവിനെ ഒഴിവാക്കാനായി വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാൻ ആലോചന നടത്തിയിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൻമേട് ഐപിയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്‍റെ വാഹനത്തിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതേതുടര്‍ന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയുടെ ആസൂത്രിത നീക്കമായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി.

പൊലീസ് അന്വേഷണത്തില്‍ സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വഴിത്തിരുവുണ്ടായതായി പൊലീസ് പറയുന്നത്. സൗമ്യയും കാമുകനും വിദേശ മലയാളിയുമായ വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് നടത്തിയ പദ്ധതിയായിരുന്നു വാഹനത്തിലെ മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു.

സമയോചിതമായ ഇടപെടൽമൂലം കൊലപാതകത്തിൽ കലാശിക്കാമായിരുന്ന പ്രതികളുടെ നീക്കം തകര്‍ക്കാനും നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുളളിൽ ആക്കുന്നതിൽ നിന്നും രക്ഷപ്പെടുത്താനും കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

ഭർത്താവ് സുനിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന സൗമ്യ, ഭർത്താവിനെ ഒഴിവാക്കുന്നതിനാണ് കാമുകനൊപ്പം ചേര്‍ന്ന് പദ്ധതി ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 18 ന് വിനോദും വിനോദിന്‍റെ സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയറ്റിൽ വച്ച് മയക്കുമരുന്ന് കൈമാറിയത്.

ഇത് സൗമ്യ, സുനിലിന്‍റെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിന്‍റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. ഇയാള്‍ വിദേശത്തിരുന്ന്, വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നെന്ന വിവരം പൊലീസിന് കൈമാറി. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സുനിലിനെ എംഎഡിഎംഎയുമായി അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *