കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല, ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
1 min read

സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് ആരോപണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്നത് ആറ് കൊലപാതകങ്ങളാണ്. 92 പ്രതികളിൽ 73 പേരെ പിടികൂടി. പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ആറ് കൊലപാതകങ്ങളില്‍ രണ്ട് കേസുകളില്‍ വീതം ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരും, എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പ്രതികളാണ്. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി സ്ഥാനത്ത് ഉളളത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കണ്ണൂരിലെ ഹരിദാസന്റെ കൊലപാതകത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെയാണ് പൊലീസ് സംശയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. സഭ നിര്‍ത്തി വച്ച് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കണ്ണൂരിലേയും കിഴക്കമ്പലത്തേയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.