വള്ളിക്കുന്നിൽ മുക്കുപണ്ടം പണയംവെച്ച് രണ്ട് സഹകരണ ബാങ്കുകളിൽ നിന്നായി യുവതി തട്ടിയെടുത്തത് 47 ലക്ഷം രൂപ.


വള്ളിക്കുന്ന്: രണ്ട് സഹകരണ ബാങ്കുകളിൽ നിന്നായി മുക്കുപണ്ടം പണയംവെച്ച് യുവതി തട്ടിയെടുത്തത് 47 ലക്ഷം രൂപ. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് 24 ലക്ഷം രൂപയും അരിയല്ലൂർ സഹകരണ ബാങ്കിൽ നിന്നും 23 ലക്ഷത്തോളം രൂപയും മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. ആനങ്ങാടി സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തെന്ന് കാണിച്ചു ആനങ്ങാടി ബാങ്ക് അധികൃതർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.
2021 നവംബർ മുതൽ വിവിധ സമയങ്ങളിലായി 90 ഓളം പവൻ സ്വർണ്ണം വെച്ചാണ് ഇവർ 24 ലക്ഷം രൂപ വായ്‌പ എടുത്തത്. ബാങ്കിൽ വായ്പക്ക് വരുമ്പോൾ കൊണ്ടുവരുന്ന സ്വർണം പരിശോധിക്കാൻ അപ്രൈസർ നിലവിൽ ഇല്ല. വായ്‌പ വെച്ച സ്വർണ്ണം പിന്നീട് ബാങ്ക് അധികൃതർ പരിശോധിക്കുകയാണ് പതിവ്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് മനസിലായതെന്നും തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
ഇതേ സ്ത്രീതന്നെയാണ് അരിയല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. 2018 മുതൽ ഇവർ അരിയല്ലൂർ സഹകരണ ബാങ്കിൽ നിന്ന് സ്വർണ ഉരുപ്പടികൾ വെച്ചു വായ്‌പ എടുക്കുന്നുണ്ട്. വായ്‌പവെച്ച സ്വർണം ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. പല സമയങ്ങളിലായി 711 ഗ്രാം പണ്ടമാണ് ഇവിടെ പണയപ്പെടുത്തിയത്. അരിയല്ലൂർ സഹകരണ ബാങ്ക് അധികൃതരും പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. രണ്ട് സഹകരണ ബാങ്കുകളുടെയും ആനങ്ങാടി ശാഖയിൽ നിന്നുതന്നെയാണ് യുവതി തട്ടിപ്പ് നടത്തിയത്.