സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം; ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്
1 min read

തലശേരി ന്യൂമാഹിക്കടുത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്. തലശേരി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജേഷ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
‘പൂന്നോത്ത് ക്ഷേത്രത്തില്‍ വെച്ച് സി.പി.ഐ.എമ്മിന്റെ രണ്ടുപേര്‍ നേതൃത്വം നല്‍കികൊണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചു. വിഷയത്തെ വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ ശരീരത്തിന് മേല്‍ കൈ വെച്ചാല്‍ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ അറിയും. എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്.
ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വം നേരത്തെ ആസൂത്രണം ചെയ്ത നടത്തിയ കൊലപാതകമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.