സംസ്ഥാന കോണ്‍ഗ്രസിലെ അവസാനിക്കാത്ത തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി ; തമ്മിലടി തുടര്‍ന്നാല്‍ വേറെ വഴി നോക്കുമെന്ന് മുസ്ലിം ലീഗ്
1 min read

സംസ്ഥാന കോണ്‍ഗ്രസിലെ അവസാനിക്കാത്ത തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുളള തര്‍ക്കം നിയമസഭയിലെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നത് ലീഗിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെയുള്ള വി ഡി സതീശന്റെ നീക്കങ്ങളും പരസ്യ പ്രസ്താവനകളും യുഡിഎഫിന്റെ മുന്നോട്ടുളള പോക്കിനെ ബാധിക്കുമെന്ന വിലയിരുത്തിലിലാണ് മുസ്ലിം ലീഗ് നേതൃത്വം.
വഖഫ് ബോര്‍ഡ് പി.എസ്.എസിക്ക് വിട്ടതുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമായില്ലന്ന വിലയിരുത്തലും മുസ്ലിം ലീഗിനുണ്ട്. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതൃ നിരയില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ ഉള്ള അസ്വാരസ്യങ്ങള്‍ നിയമസഭയില്‍ പ്രതിഫലിക്കുമെന്നും അത് സി പി എം മുതലെടുത്തേക്കാമെന്ന ആശങ്കയും ലീഗിനുണ്ട്.
സിപിഎമ്മിനോട് കടുത്ത നിലപാട് കൈക്കൊള്ളണമെന്ന് വാദിക്കുന്നവര്‍ക്ക് ലീഗില്‍ മേല്‍ക്കൈ കിട്ടിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ പിണറായി വിജയനെ രാഷ്ട്രീയമായി നേരിടുന്നതില്‍ വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷം പരാജയമാണെന്ന വിലയിരുത്തലും ലീഗിനുണ്ട്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പരാതിപ്പെടാനുള്ള സതീശന്റെയും സുധാകരന്റെയും നീക്കങ്ങള്‍ പൊളിച്ചതും ലീഗ് തന്നെയാണ്. തമ്മിലടി തുടര്‍ന്നാല്‍ തങ്ങള്‍ വേറെ വഴിനോക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ വിരട്ടലാണ് ഉമ്മന്‍ചാണ്ടി- രമേശ് എന്നിവര്‍ക്കെതിരെ ഹൈക്കമാന്‍ഡില്‍ പരാതി പറയുന്നതില്‍ നിന്ന് സുധാകരനെയും സതീശനെയും തടഞ്ഞത്.
സി.പി.എമ്മിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലന്ന വിലയിരുത്തല്‍ ലീഗിനുണ്ട്. ഇത് നിയമസഭക്കകത്തും പുറത്തും പ്രതിഫലിക്കുന്നുമുണ്ട്. ഏകാംഗ സൈന്യങ്ങളുടെ പോരാട്ടങ്ങള്‍ മുന്നണിയെ തുണക്കില്ലന്നും ഒരുമിച്ച് മുന്‍പോട്ട് പോയാല്‍ മാത്രമേ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണിയെ തടഞ്ഞ് നിര്‍ത്താന്‍ പറ്റുകയുള്ളുവെന്നും ലീഗ് നേതൃത്വം മനസിലാക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ള കനത്ത അഭിപ്രായവ്യത്യാസങ്ങള്‍ അതിന് തടസമായി വര്‍ത്തിക്കുന്നുവെന്ന് ലീഗ് കരുതുന്നു.
കോണ്‍ഗ്രസിനകത്തെ ആഭ്യന്തര വഴക്കുകളാണ് കഴിഞ്ഞ കാലങ്ങളില്‍ യു ഡി എഫിനെ തളര്‍ത്തിയതെന്നും ഇനിയും അത് തുടരുന്നത് ആത്മഹത്യപരമാണെന്നുമാണ് ലീഗിന്റെ പക്ഷം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നന്നെ ശോഷിച്ചിരിക്കുകയാണ്. മോദിക്കെതിരെ ക്രിയാത്മകമായ പ്രതിപക്ഷമായി മാറാന്‍ അതിന് കഴിയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിലും തൊഴുത്തില്‍കുത്ത് തുടര്‍ന്നാല്‍ അത് യു ഡി എഫിന്റെ ചരമക്കുറിപ്പെഴുതുമെന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്.