പാലക്കാട് യുവാവിനെ കൊന്നു കുഴിച്ചു മൂടിയെന്ന് മോഷ്ടാവിന്റെ മൊഴി; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി


പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. ഒറ്റപ്പാലം കേളത്ത് വീട്ടിൽ ആഷിക് (24) നെയാണ് കൊലപ്പെടുത്തിയത്.
സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പ്രതി. 2015ൽ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിൽ പ്രതിയാണ് ഫിറോസ്. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തു പറഞ്ഞത്.
കഴിഞ്ഞ ഡിസംബർ 17 നാണ് സംഭവം. മോഷണത്തിൽ സഹായിയായിരുന്ന സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു മൊഴി. ഒറ്റപ്പാലം തോടിന് സമീപം വിജനമായ പറമ്പിലാണ് കുഴിച്ചിട്ടത്. ഇതോടെ പോലിസ് സംഘം ഇയാളുമായി ഒറ്റപ്പാലത്തേക്ക് തിരിച്ചു. പ്രതികാണിച്ചു കൊടുത്ത സ്ഥലത്ത് പോലീസ് കുഴിയെടുത്തു.
ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സംഭവസ്ഥലത്തത്തി. മൂന്ന് അടിയോളം മാത്രം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വസ്ത്രവും അസ്തികൂടവും മാത്രമാണ് അവശേഷിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഡിഎൻഎ പരിശോധനയും നടത്തും.
ആശിഖിന്റെ പിതാവ്, സഹോദരൻ എന്നിവരെ സ്ഥലത്തെത്തിച്ചിരുന്നു. ഡിസംബർ 15 മുതൽ ഇയാളെ കാണാതായിരുന്നെങ്കിലും കുടുംബങ്ങൾ പരാതി നൽകിയിരുന്നില്ല. ലഹരി സംഘങ്ങളിലേക്ക് പോലീസ് അന്വേഷണം നീളുന്നുണ്ടെന്നാണ് സൂചന.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. ഒറ്റപ്പാലം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്