ഖുര്‍ആന്‍ കോപ്പികള്‍ യു.എ.ഇ കോണ്‍സുലേറ്റിനെ തിരിച്ചേല്‍ പ്പിക്കുമെന്ന് കെ.ടി. ജലീല്‍


തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറില്‍ വഖഫ് മന്ത്രിയായിരുന്നപ്പോള്‍, റംസാന്‍ മാസത്തോടനുബന്ധിച്ച് മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റിന് തന്നെ തിരിച്ചേല്‍പ്പിക്കുമെന്ന് കെ.ടി. ജലീല്‍.
ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തി എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിയും പറഞ്ഞ് പ്രചരിപ്പിച്ചത്. ഒരു തരി സ്വര്‍ണം പോലും വീട്ടിലോ ബാങ്ക് ലോക്കറുകളിലോ ഇല്ലാത്ത ഒരു സാധാരണ പൊതുപ്രവര്‍ത്തകനായ തനിക്ക്, വലിയ മാനഹാനിയാണ് കോണ്‍സുലേറ്റുമായി ചേര്‍ന്ന് സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു എന്ന ദുഷ്പ്രചരണം ഉണ്ടാക്കിയതെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘ഒരു വിശ്വാസി എന്ന നിലയില്‍ വളരെയേറെ ഹൃദയ വേദനയോടെയാണ് റംസാന്‍ സമ്മാനമായി ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ തിരികെ ഏല്‍പ്പിക്കുന്നത്. അതിലെ അനാദരവ് നൂറു ശതമാനം ഞാന്‍ മനസിലാക്കുന്നു. പക്ഷെ, എന്റെ മുന്നില്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല,’ കെ.ടി. ജലീല്‍ പറഞ്ഞു.
ഖുര്‍ആന്റെ മറവില്‍ ഞാന്‍ സ്വര്‍ണം കടത്തി എന്ന് നിയമസഭയില്‍ പ്രസംഗിച്ച ലീഗ് നേതാവ് കെ.എം. ഷാജിക്ക് പടച്ചവന്‍ പൊറുത്ത് കൊടുക്കട്ടെ. എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളില്‍ സൂക്ഷിച്ച ഖുര്‍ആന്‍ കോപ്പികള്‍ യു.എ.ഇ കോണ്‍സുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ക്ക് രണ്ട് മെയ്‌ലുകള്‍ അയച്ചിരുന്നുവെന്നും അതിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്നും ജലീല്‍ കുറിച്ചു.
വിതരണം ചെയ്യാന്‍ ഏറ്റുവാങ്ങിയവര്‍ വിവിധ ഏജന്‍സികളാല്‍ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യത വര്‍ത്തമാന സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല. ആര്‍ക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാന്‍ തനിക്കൊട്ടും താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ അവര്‍ക്ക് തന്നെ തിരിച്ച് നല്‍കാന്‍ മനമില്ലാ മനസോടെ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കത്തയച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം