NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുട്ടികൾക്കുള്ള ദേശീയ ധീരതാ അവാർഡ് വള്ളിക്കുന്ന് സ്വദേശി ഋതുജിത്തിനും

വള്ളിക്കുന്ന് : ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന 2021 -ലെ കുട്ടികളുടെ ദേശീയ ധീരത അവാർഡ് പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള അഞ്ച് കുട്ടികളിൽ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും. അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് ഹയർ ഋതുജിത്ത് സെക്കൻററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയും അരിയല്ലൂർ നമ്പാല സുനിൽകുമാർ – ഷിജില ദമ്പതികളുടെ മകനുമായ എൻ. ഋതുജിത്ത് ആണ് അവാർഡിനർഹനായത്.

 

കമ്പിയിൽ കുരുങ്ങി തളപ്പ് താഴേക്കു പതിച്ചതോടെ തെങ്ങിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനുള്ള ധീരതക്കാണ് അവാർഡ്. തൃശൂർ, വയനാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മറ്റു നാലുപേർ. തേങ്ങയിടാൻ കയറി തെങ്ങിൽകുടുങ്ങിയയാൾക്ക് ഋതുജിത്ത് രക്ഷകനാവുകയായിരുന്നു. 2021 ജൂലൈ 17 നാണ് സംഭവം. അരിയല്ലൂരിലെ കാരാട്ട് ശിവദാസനാണ് ഏറെനേരം തെങ്ങിൽ കുടുങ്ങിയത്. അന്നേരം ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഋതുജിത്ത് ശിവദാസനെ തെങ്ങിൽ കയറി രക്ഷിക്കുകയായിരുന്നു.

 

അരിയല്ലൂർ എം.വി. ഹയർസെക്കൻഡറി സ്കൂളിനു സമീപം വെള്ളായിക്കോട്ട് കനകരാജൻ പുരയിടത്തിൽ തേങ്ങയിടാൻ കയറിയതായിരുന്നു ശിവദാസൻ. തളപ്പ് വീണതോടെ ഏഴുമീറ്റർ ഉയരമുള്ള തെങ്ങിൽ കെട്ടിയ കമ്പിയിൽ ശിവദാസൻ കുടുങ്ങിനിൽക്കുകയായിരുന്നു. തുടർന്ന് ക്ഷീണം അനുഭവപ്പെട്ട ശിവദാസന് ഒന്നും ചെയ്യാനായില്ല. ഉടനെ സമീപവാസിയായ ഋതുജിത്ത് തന്റെ വീട്ടിലെ തെങ്ങുകയറാനുള്ള ഉപകരണവുമായി എത്തി തെങ്ങിൽ കയറി.

 

തെങ്ങിൻമുകളിൽ ഉറപ്പിച്ച ഉപകരണത്തിൽ ശിവദാസന്റെ കാൽ കയറ്റിവെച്ച് താങ്ങിനിർത്തി. തളർച്ച മാറിക്കഴിഞ്ഞപ്പോൾ താഴെനിന്ന് ഇട്ടുകൊടുത്ത തളപ്പുപയോഗിച്ച് ഋതുജിത്തിൻറ സഹായത്തോടെ ശിവദാസൻ താഴെയിറങ്ങുകയായിരുന്നു. തന്റെ ധീരതയ്കുള്ള അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഋതുജിത്തും കുടുംബവും. ആറാംക്ലാസ്സ് വിദ്യാർത്ഥിയായ ഋതു കൃഷ്ണ സഹോദരനാണ്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *