NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒ.ടി.പി കൈമാറിയാൽ വാട്‌സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും; സൂക്ഷിക്കണമെന്ന് പോലീസ്

1 min read

കൊച്ചി: എസ്.എം.എസ് മുഖേനയും ഫോണ്‍കോള്‍ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ‘വാട്സാപ്പ് സപ്പോര്‍ട്ട് സര്‍വേ’ എന്ന പേരില്‍ ഫോണ്‍ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്.

സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരില്‍ വാട്സാപ്പ് രജിസ്ട്രേഷന്‍ പ്രോസസിങ്ങിനായുള്ള നടപടികള്‍ തട്ടിപ്പുകാര്‍ ചെയ്തുതുടങ്ങും. ഇതിനിടെ, സര്‍വേയെന്ന പേരില്‍ ഫോണില്‍ വന്നിരിക്കുന്ന ഒ.ടി.പി. പറയാന്‍ ആവശ്യപ്പെടും. വാട്ട്സാപ്പ് സപ്പോര്‍ട്ട് സര്‍വേയുടെ ഭാഗമായി വിളിച്ചവരാണന്ന വിചാരത്തില്‍ ഇത് ഉപയോക്താക്കള്‍ പറഞ്ഞുകൊടുക്കും. ഒ.ടി.പി. ലഭിക്കുന്നതോടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാര്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കും.

വാട്സാപ്പ് ഉപയോഗിച്ച് ഇവര്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കും. ഈ അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക സഹായവും ചോദിക്കും. അടുത്ത ബന്ധുവോ സുഹൃത്തോ സ്വന്തം വാട്സാപ്പ് അക്കൗണ്ടില്‍ നിന്ന് അത്യാവശ്യമായി സാമ്പത്തിക സഹായം ചോദിക്കുന്നതാണെന്നു കരുതി പലരും പണം കൈമാറും. ഉപയോക്താവിന്റെ ഫോണില്‍നിന്ന് മറ്റുള്ളവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചും, ഇവ സ്റ്റാറ്റസ് ഇട്ടുമെല്ലാം വ്യക്തിഹത്യ നടത്തും. തുടര്‍ന്ന് ബ്ലാക്ക്മെയിലിങ് തുടങ്ങും

അക്കൗണ്ട് തിരികെ നല്‍കണമെങ്കില്‍ പണം വേണമെന്നറിയിക്കും. ഇത്തരം തട്ടിപ്പില്‍ വീണെന്ന് തിരിച്ചറിഞ്ഞാല്‍ ഉടനെ വാട്സാപ്പിന്റെ കസ്റ്റമര്‍ കെയറില്‍ ഇ-മെയില്‍ വഴി പരാതി നല്‍കണമെന്നാണ് പോലീസ് നിര്‍ദേശം. ഒ.ടി.പി. പറയാതിരിക്കുകയും സുരക്ഷയെ മുന്‍കരുതി ‘വാട്സാപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍’ ഓണ്‍ ചെയ്ത് വെക്കുകയും വേണമെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published.