NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വധഗൂഢാലോചന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണ മെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണെന്നും ദിലീപ് പറഞ്ഞു.  വധഗൂഢാലോചന നടത്തി എന്നതിന് തെളിവുകളില്ലെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വരും ദിവസം ഹൈക്കോടതി ഹരജി പരിഗണിക്കും. അതിന് ശേഷമായിരിക്കും കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉള്‍പ്പെടെ നിലപാട് ഹൈക്കോടതി തേടുക.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജരായിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും കൂട്ടുപ്രതികളും കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യവും ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഉപാധി ലംഘിച്ചാല്‍ അറസ്റ്റിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.

ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നല്‍കിയപ്പോള്‍ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ദിലീപിന്റെ വാദം. മൂന്ന് ദിവസം ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ടെന്നും ഒരു തരത്തിലുള്ള നിസ്സഹകരണവും പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. റിക്കവറി നടപടികളെല്ലാം കഴിഞ്ഞതാണെന്നും അതുകൊണ്ട് കസ്റ്റഡി ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിനെ മനപൂര്‍വം കുടുക്കാന്‍ വേണ്ടിയുള്ള കേസാണ് ഇതെന്നും അഡ്വ. ബി രാമന്‍പിള്ള വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!