NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും നിരോധനം: നടപടി രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട്; നിരോധിച്ച ആപ്പുകളുടെ എണ്ണം 385 ആയി

ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ടെന്‍സെന്റ്, ആലിബാബ, ഗെയ്മിംഗ് കമ്പനിയായ നെറ്റിസണ്‍ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നിരോധനം. ഇതോടെ നിരോധിക്കപ്പെട്ട ആപ്പുകളുടെ എണ്ണം 385 ആയി.

2020ല്‍ രാജ്യത്ത് നിരോധിച്ച ആപ്പുകളുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ നിരോധിച്ച അധികവും. ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെല്‍ഫി എച്ച്.ഡി, ബ്യൂട്ടി ക്യാമറ, സെല്‍ഫി ക്യാമറ, വിവ വീഡിയോ എഡിറ്റര്‍, ആപ്പ് ലോക്ക് എന്നിവ നിരോധിച്ചവയില്‍ ഉള്‍പ്പെടും.

ഈ ആപ്പുകള്‍ ഇന്ത്യാക്കാരുടെ സ്വകാര്യവിവരങ്ങള്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സര്‍വറുകള്‍ക്ക് നല്‍കുന്നു എന്ന് കണ്ടെത്തിയാണ് നടപടിയെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചു. ആപ്പുകള്‍ തടയാന്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്ലേ സ്റ്റോറുകളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പ്ലേ സ്റ്റോറില്‍ 54 ആപ്പുകളും നിലവില്‍ റദ്ദാക്കിയിട്ടുണ്ട്.

2020 ജൂണ്‍ മുതല്‍ 224 ചൈനീസ് ആപ്പുകള്‍ വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
വലിയ പ്രചാരമുള്ള ടിക് ടോക്കും 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ടിക് ടോക്കിനൊപ്പം ഏകദേശം അറുപതോളം അപ്ലിക്കേഷനുകളായിരുന്നു അന്ന് ബാന്‍ ചെയ്തത്. ഷെയര്‍ ഇറ്റ്, ഷെയിന്‍ (ഫാഷന്‍ വെബ്‌സൈറ്റ്), ഷവോമി എംഐ കമ്മ്യൂണിറ്റി, ക്ലാഷ് ഓഫ് കിങ്, വെയിബൊ തുടങ്ങിയ പ്രശസ്തമായ ആപ്ലിക്കേഷനുകളും അന്നത്തെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 69 എ പ്രകാരമാണ് ഐടി മന്ത്രാലയം ഈ ആപ്പുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഭീഷണികളുടെ ഉയര്‍ന്നുവരുന്ന സ്വഭാവം കണക്കിലെടുത്താണ് ടിക് ടോക്കും പബ്ജിയും നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.