ടൂറിസ്റ്റ് ബസ് തൂക്കി വില്‍ക്കാന്‍ ബസ് ഉടമ; കിലോയ്ക്ക് 45 രൂപ


കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങി ബസ് ഉടമ. റോയല്‍ ട്രാവല്‍സിന്റെ ഉടമയായ റോയ്‌സണ്‍ ജോസഫാണ് തന്റെ ബസുകള്‍ വില്‍ക്കാനൊരുങ്ങുന്നത്. കിലോയ്ക്ക് 45 രൂപയാണ് ബസിന് വിലയിട്ടിരിക്കുന്നത്.
ബസുകള്‍ തൂക്കി വല്‍ക്കുന്നത് സംബന്ധിച്ച് ഉടമയായ റോയ്‌സണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. നിരന്തരമായി പണം ആവശ്യപ്പെട്ട് കൊണ്ട് ഫൈനാന്‍സുകാര്‍ വീട്ടിലേക്ക് വരികയാണ്. അവരുടെ പണം അടയ്ക്കാന്‍ ഒരു മാര്‍ഗവുമില്ല. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏറെ ബുദ്ധിമുട്ടിച്ചു. ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാന്‍ കഴിയുന്നില്ല. ഇതൊക്കെ കാരണമാണ് ബസ് വില്‍ക്കുന്നത് എന്നും റോയ്‌സണ്‍ പറയുന്നു.
ബസ് വിറ്റിട്ട് വേണം അരി വാങ്ങാന്‍ അത്രയ്ക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായ്പ കുടിശിക താങ്ങാന്‍ കഴിയാത്തതിനാല്‍ 20 ബസുകളില്‍ പത്തെണ്ണം ഇതിനോടകം വിറ്റുവെന്നും റോയ്‌സണ്‍ പറഞ്ഞു. സര്‍വീസിംഗ് അടക്കം എല്ലാം പൂര്‍ത്തിയാക്കിയ ബസുകളാണ് വില്‍ക്കുന്നത്.