NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമ്പലമുക്ക് കൊലപൊതകം; പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു, മാല കണ്ടെടുത്തു

തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിനീതയുടെ കാണാതായ മാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. കേസില്‍ ഇന്നലെയാണ് പ്രതിയായ തമിഴ്നാട് സ്വദേശി രാജേഷ് എന്ന രാജേന്ദ്രന്‍ അറസ്റ്റലായത്. ഇയാളുമായി കന്യാകുമാരിയില്‍ തെളിവെടുപ്പ് നടക്കുകയാണ്.

നാല് കൊലക്കേസുകളില്‍ പ്രതിയാണ് രാജേഷ്. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും മകനേയുമാണ് കൊലപ്പെടുത്തിയത്. വിനീതയുടേത് ഇയാള്‍ നടത്തിയ അഞ്ചാമത്തെ കൊലപാതകമാണ്. പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രതി.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു.

അവധി ദിവസമായിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തിയതായിരുന്നു വിനീത. ഇവരെ 11 മണിവരെ സമീപവാസികള്‍ പുറത്ത് കണ്ടിരുന്നു. എന്നാല്‍ പിന്നീട് കടയില്‍ ചെടി വാങ്ങാനായി എത്തിയവര്‍ ആരേയും കാണാതായതോടെ ഉടമയെ ബന്ധപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു. പരിശോധനയില്‍ കടയുടെ ഒരു ഇടുങ്ങിയ വശത്തായി വിനീതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.

യുവതിയുടെ കഴുത്തിലെ മാല കാണാതായിരുന്നു. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. 11 മണിയോടെ കടയിലെത്തിയ പ്രതി 20 മിനിറ്റിന് ശേഷം പുറത്ത് വരുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പ്രതിക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു.

തുടര്‍ന്ന് അമ്പലമുക്കില്‍ നിന്നും ഓട്ടോയില്‍ മുട്ടട എത്തിയ പ്രതി മറ്റൊരു സ്‌കൂട്ടറില്‍ കയറി ഉള്ളൂരില്‍ ഇറങ്ങിയതായും തുടര്‍ന്ന് ഓട്ടോയില്‍ പേരൂര്‍ക്കട ഇറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ തമിഴ്‌നാട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *