NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംപ്രേഷണ അനുമതിയില്ല; മീഡിയവണ്ണിന്റെ വിലക്ക് ശരിവെച്ച് ഹൈക്കോടതി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി എന്ന് ഉത്തരവില്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമാണെന്ന് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും. ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മീഡിയ വണ്ണിന് വേണ്ടി അഡ്വ. എസ് ശ്രീകുമാറാണ് ഹാജരായത്. നടപടി നിയമവിരുദ്ധമാണ്. ലൈസന്‍സ് നേരത്തെ നല്‍കിയതാണ്. അതു പുതുക്കാനുള്ള അപേക്ഷയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മീഡിയവണ്‍ മുന്നോട്ടുപോയത്. എന്നാല്‍, ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സുപ്രിംകോടതി വിധികളുടെ ലംഘനമാണെന്നും എസ്. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ കക്ഷിചേര്‍ന്ന മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനും വേണ്ടി ഹാജരായ അഡ്വ. ജെ.ജി ബാബുവും വിശദമായ വാദം നടത്തി. ഈ കേസില്‍ നിലവില്‍ മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയം നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി തൊഴിലാളികളുടെ ജീവിത പ്രശ്നവും അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. ജീവനക്കാര്‍ക്കും യൂണിയനും കേന്ദ്ര നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇത് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമാണ്. അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തൊഴിലുടമയെയാണ് സമീപിക്കേണ്ടത്. ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവാനന്തമായി കാണാനാവില്ല. സുരക്ഷാ വിഷയങ്ങളില്‍ കാലാനുസൃതമായ പരിശോധനയുണ്ടാകും. അത്തരത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ നടന്നതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *