ഫിറ്റ്നസില്ല, പെർമിറ്റില്ല, ടാക്സില്ല ; യാത്രക്കാരെ കുത്തിനിറച്ച് ഓടിയ ദീർഘദൂര ബസ് മോട്ടോർവാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി.

ഫിറ്റ്നസ് ഇല്ലാതെ നിരത്തിലിറങ്ങിയ ബസ്സ് എം വി ഐ പി കെ മുഹമ്മദ് ഷഫീക്കിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുന്നു.

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
ജില്ല എൻഫോഴ്മെൻ്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്സ്മെൻ്റ് എം.വി.ഐ പി.കെ മുഹമ്മദ് ഷെഫീഖ്, എ.എം.വി.ഐ സലീഷ് മേലേപ്പാട്ട് എന്നിവർ പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ ബസ് പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് പിടികൂടുകയായിരുന്നു.
ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ യാത്ര അവസാനിപ്പിക്കു കയായിരുന്നു. തുടർന്ന് യാത്രക്കാരുടെ പൂർണ സഹകരണത്തോടെ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിച്ചു. യാത്രക്കാർക്ക് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ തുടർയാത്രക്കുള്ള സൗകര്യമൊരുക്കി. തുടർനടപടികൾക്കായി കേസ് മലപ്പുറം ആർ.ടി.ഒ. ക്ക് കൈമാറുമെന്ന് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.