NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രോസിക്യൂഷന് തിരിച്ചടി ; ദിലീപിന് ജാമ്യം

നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക കോടതി വിധി.

ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിരിക്കെ, കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും.

ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇരു വിഭാഗവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ നിരത്തി രേഖാമൂലം ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അതിനിടെ ബാലചന്ദ്രകുമാറിനെതിരേ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. രണ്ട് പേരില്‍ നിന്നും താന്‍ കടം വാങ്ങിയ വലിയൊരു തുക തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വീഡിയോ കോളിലൂടെ ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.

സി.ഐ ബൈജു പൗലോസിന് വര്‍ഷങ്ങളായി തന്നോട് പകയും വിദ്വേഷവുമുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ദിലീപ് പറയുന്നു. ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ ബൈജു പൌലോസും ബാലചന്ദ്രകുമാറും എ.ഡി.ജി.പി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം പറഞ്ഞിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

Leave a Reply

Your email address will not be published.